Saturday, December 09, 2006

ഖസാക്കിന്റെ ഇതിഹാസംമലയാളത്തിലെ ലോകനിലവാരതിലുള്ള മികച്ച നോവല്‍ എന്നു നിരൂപകരേവരും പ്രശംസിച്ച ഒ.വി. വിജയന്റെ ക്ലാസ്സിക്‌.

എഴുതപ്പെട്ടിട്ട്‌ ദശകങ്ങള്‍ പലതുകഴിഞ്ഞെങ്കിലും, ഇപ്പോഴും പരക്കെ വായിക്കപ്പെടുന്നുണ്ട്‌, 'ഖസാക്കിന്റെ ഇതിഹാസം'.
അസ്ഥിത്വവീക്ഷണത്തിന്റെയും ജൈവ ദൃശ്യങ്ങുളുടേയും പരിണാമസ്മൃതികളുടേയും, ബഹുരൂപിയായ മരണത്തിന്റെയും ഒരുത്സവമാണ്‌ ഈ നോവല്‍.
ഗതാഗതികമായ ആഖ്യാന ശീലങ്ങള്‍ പിന്തുടര്‍ന്നുപോന്ന മലയാള നോവല്‍ സാഹിത്യത്തില്‍ ആഖ്യാനങ്ങളെ പുനര്‍ നിര്‍വചനത്തിന് വിധേയമാക്കുന്നു വിജയന്‍ .
മറക്കാനാവാത്ത ചില ദൃശ്യ ബിംബങ്ങളേയും, കഥാപാത്രങ്ങളെയുമാണ്‌ ഈ നോവല്‍ സമ്മാനിക്കുന്നത്‌.

*************
നോവല്‍ വായിച്ചിട്ടിട്ടുള്ള വായനക്കാരുടെ സ്മരണകളുണര്‍ത്തുന്നതിനു വേണ്ടി......

*******
ഖസ്സാക്കിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യപകനായി വരുന്ന രവി കൂമങ്കാവില്‍ ബസ്സിറങ്ങുന്നത്‌ ഗ്രാമത്തിലെ നിഗൂഢതകളിലേക്കായിരുന്നു.
അന്തിവെളിച്ചതിലൂടെ നടക്കുമ്പോള്‍ രവി ഖസ്സാക്കിന്റെ ഈശ്വരന്മാരെ കണ്ടു. ഇരുട്ടു കെട്ടിയ പള്ളി താവളത്തില്‍, പള്ളി ച്ചതുപ്പില്‍,സര്‍പ്പ്പ്പശിലയില്‍, ചവിട്ടടിപ്പാതയുടെ വിജനതയില്‍, അങ്ങനെ ആ കാവല്‍പടികളില്‍ അവര്‍ കുടികൊണ്ടു.
**********
നിരവധി കഥാപാത്രങ്ങള്‍...

ഏകാദ്ധ്യാപക വിദ്യാലയത്തിലെ മണ്‍ ചുമരില്‍,അവക്കിടയില്‍ വഴിയമ്പലം തേടിയ സഹോദരന്റെ വ്യഥിത ജാതകത്തില്‍ കൈ കടത്തുന്ന, ഖസ്സാക്കിലെ ചിലന്തികള്‍.
കാലിന്റെ പെരുവിരലിലെ വ്രണവുമായി കുട്ടികള്‍ക്ക്‌ റാവുത്തരുടെ കഥ പറഞ്ഞു കൊടുക്കുന്ന ഓത്തുപള്ളിയിലെ അള്ളാപിച്ച മൊല്ലാക്ക.,

മൊല്ലാക്കയോടു പകയുമായി 12 വര്‍ഷത്തിനുശേഷം 'ഖാലിയാര്‍' ആയി തിരിച്ചുവന്നിരിക്കുന്ന നൈസാമലി.
വെള്ളക്കുപ്പായം, നീല ഞരമ്പുകള്‍ തുടിക്കുന്ന കൈതണ്ടയോളം കേറ്റിവച്ച്‌,കരിവളയിട്ട്‌, പെണ്ണിന്റെ ചൂര്‌ രവിക്കുനല്‍കിയ മൈമുന-- മൊല്ലാക്കയുടെ മകള്‍.--.
ആ സ്ത്രീത്വത്തിനുമുന്‍പില്‍ പരാജയപ്പെട്ട'മുങ്ങാങ്കോഴി' .
'മുങ്ങാങ്കോഴി'യുടെ ആദ്യഭാര്യയിലെ മകള്‍ ആബിദ,
പ്രകൃതിയുടെ വികൃതിയായി അപ്പുക്കിളി.

***************

മരണം ബഹുരൂപിയായി വരുന്നുണ്ട്‌ ഇതില്‍.

ആബിദ പറഞ്ഞു:
"ഞാന്‍ ശൊല്ലി കൊടുകപ്പോറേന്‍".
സ്വല്‍പമൊന്ന്‌ വിളറിക്കൊണ്ട്‌ മൈമുന ചോദിച്ചു.
"എന്നാ".
"ഖാലിയാര്‌ ഇങ്കെ വന്നത്‌".
പാതിരാക്ക്‌ നിലവിളി കേട്ട്‌ ഖസ്സാക്കുകാരുണര്‍ന്നു. നെറ്റിയില്‍ ചോരയുമായി ആബിദ മൊല്ലാക്കയുടെ വീട്ടിലേക്കോടുന്നു. കയ്യില്‍ വിറകുകൊള്ളിയുമായി കലികൊണ്ട്‌ മുങ്ങാങ്കോഴി. പിറ്റേന്നു സന്ധ്യക്ക്‌പാടങ്ങള്‍ മുറിച്ചുപോകുന്ന നെടുവരമ്പിലൂടെ അവള്‍ നടന്നു. ഇരുളുന്ന ചുവപ്പില്‍ കരിമ്പനകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. ദൂരെ, നെറുകയില്‍ മാണിക്യവുമായി കിഴക്കന്‍ വണ്ടി പാഞ്ഞകലുകയായീരുന്നു. ഇനിയും നടക്കണം കാളികാവെത്താന്‍.

സന്ധ്യ മയങ്ങെ ,ഉമ്മയില്ലാതെ കിടന്നു നിലവിളിച്ച കൊച്ചുമകളെയുറക്കാൻ  താൻ പണ്ട് പാറ്റാരുണ്ടായിരുന്ന  പാട്ട്‌ കിണറിന്റെ ആള്‍മറമേലിരുന്നുകൊണ്ട്‌ അപസ്വരത്തില്‍ മുങ്ങാങ്കോഴി അവസ്സാനമായി പാടി:
"തലമൂത്ത മീനേ എന്റെ ചേറമ്മീനേ- എന്റെ കുട്ടിമകള്‌ക്കൊരു മണി കൊണ്ട്‌ വായോ-".
അയാള്‍ കിണറ്റിലേക്ക്‌ കൂപ്പ്‌ കുത്തി. വെള്ളത്തിന്റെ വില്ലീസ്സു പടുതകളിലൂടെ, ചില്ലുവാതിലുകള്‍ കടന്ന്‌, സ്വപ്നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ, തന്നെ കൈനീട്ടിവിളിച്ച പൊരുളിന്റെ നേര്‍ക്ക്‌ അയാള്‍ യാത്രയായി.

മരണത്തെ വര്‍ണിക്കുമ്പോള്‍ വിജയന്റെ പ്രതിഭ തിളങ്ങുന്നു.

പൂവിറുത്തു മൂടിയില്‍ ചൂടി നല്ലമ്മ നടനമാടി.
സ്കൂലിലെ കുട്ടികള്‍ പലരും മരിച്ചു. വാവര്‌, നൂര്‍ജിഹാന്‍, ഉണ്ണിപ്പാരതി, കിന്നരി, കരുവു, പിന്നെ പലരും.., എപ്പോലും അത്താണിയിലിരുന്ന്‌വെയിലുകാഞ്ഞിരുന്ന കുപ്പുവച്ചന്റെ കണ്ണുകള്‍ പോയി. അന്നു രാത്രി ചാന്തുമ്മയുടെ മകന്‍ കുഞ്ഞുനൂറ്‌ മരിച്ചു.
നേരം പൊങ്ങിയപ്പോള്‍ ചാന്തുമുത്തു ചെക്കനെ തിരക്കി.
"തെക്കന്റെ ദെണ്ണം മാരിയാ ഉമ്മാ?"
"ഉം".
"ഇഞ്ഞി തെക്കന്‍ ബെക്കം ബല്‌താകോ ഉമ്മാ!".
അന്നു രാത്രി ചാന്തുമുത്തു മരിച്ചു.

*************

അപ്പുക്കിളിയുടെ ജടയില്‍ പേനുകള്‍ പെരുകി.
അവ മുടിയില്‍ മേഞ്ഞു നടന്നു. അപ്പുകിളിയുടെ മുടിവടിച്ചുകളഞ്ഞു കുടുമവച്ചു .

"അപ്പുകിളീന്റെ പേനൊക്കെ എന്തായി ജനിക്കും സാര്‍?".
മുടി വളര്‍ന്നപ്പോള്‍ വീണ്ടും പേനുകള്‍ പിറന്നു.
കുഞ്ഞിക്കാലുകള്‍ പിച്ചവച്ച്‌ അവര്‍ വന്നു... വാവരും,,നൂര്‍ജിഹാനും,ഉണ്ണിപ്പാറതിയും,കിന്നരിയും,കരുവുമെല്ലാം...

**************

പിന്നീട്‌, കഥയുടെ അവാസാനം സര്‍പ്പദംശനമേറ്റുവാങ്ങിക്കൊണ്ട്‌, ജന്മത്തില്‍നിന്ന്‌ജന്മത്തിലേക്കു തലചായ്ച്ചുകൊണ്ട്‌ മരണം കാത്ത്‌ രവി കിടക്കുന്നത്‌ നമ്മള്‍ കാണുന്നു...
ചെതലി മലയുടെ അടിവാരത്തിലെ ഖസാക്ക്‌ ഗ്രാമത്തില്‍ നടക്കുന്ന കഥ.
പരാജയപ്പെട്ട ഒരാധുനികരണത്തിന്റെ കഥകൂടിയാണന്നു കരുതാം. രവിക്കുമുന്‍പേ ആധുനികരണത്തിന്റെ സന്ദേശമായി ഖസാക്കിലെത്തുന്ന അണക്കെട്ടിനെ പറ്റി കഥാപാത്രം രവിയോടു പറയുന്നതിനോടു കൂട്ടിവായിക്കാം നോവലിന്റെ അവസാനത്തിലെ മഴയെ.
"മലമ്പൊഷ അണകെട്ടി വെള്ളം തിരിക്കുമ്ന്നൊക്കെ പറയിണ്ട്‌.ഇല്ലാത്ത മഷനെ പെയ്യിക്കാനോ പെയ്ണ മഷനെ തട്ക്കാനോ മന്‍ഷന്‍ കൂട്ട്യാ കൂട്വോന്നും കുട്ടീ?."
" നേരാ,പക്ഷേ അണകെട്ട്യ പിന്നെ മഴേത്ര പേടിക്കണ്ടാലോ."
അണക്കെട്ടിനു വെണ്ടി മുറിച്ച ചാലിന്റെ പണിയെടുപ്പിച്ചതില്‍ നിന്നുള്ള ലാഭം കോണ്ടാണ്‌ കേലന്‍ മാസ്റ്റര്‍ സ്കൂള്‍ വളര്‍ത്തുന്നത്‌. ഏകാധ്യപക വിദ്യാലയത്തിലെക്കു മാഷായി വരുന്ന രവിയില്‍ മുന്‍പെ നാഗരികത വളര്‍ത്തിയെടുത്ത ജ്ഞാനാധികാരതിന്റെ കാമനകളൂടെ പ്രതിസന്ധി നോവലില്‍ ഉടനീളം ദൃശ്യമാകുന്നു.
ഒടുവില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ മണ്ണട്ടികളില്‍നിന്ന്‌ പുറത്തേക്കു വന്ന സര്‍പ്പത്തിനു(ആധുനീകരണത്തിനു മുന്‍പുള്ള പ്രാകൃതിക സംസ്കാരതിന്റേ പ്രതിനിധി?) മുന്നില്‍ കീഴ്‌പെടുന്നു രവി.